Monday, June 4, 2012

ഓര്‍മ്മകളിലൂടെ

അങ്ങനെ ഒരു അദ്ധ്യയന വര്‍ഷം കൂടി തുടങ്ങി. പുത്തനുടുപ്പുകളുമായി കുരുന്നുകള്‍ വിദ്യാലയത്തിലേക്ക്... ആദ്യാക്ഷരം കുറിക്കുന്നവരും, മനോഹരമായ അവധിക്കാലം ആസ്വദിച്ചവരും തെല്ലു സങ്കടത്തോടെയും അതിലുപരി പുത്തന്‍ പ്രതീക്ഷയോടെയും ആയിരിക്കണം വിദ്യാലയ മുറ്റത്ത് കാല്‍ വച്ചിട്ടുണ്ടാവുക. പതിവു പോലെ വിദ്യാഭ്യാസ വകുപ്പ് ഇക്കുറിയും പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു എന്നു കേട്ടു. പല എയിഡഡ് സ്കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണി നിലനില്‍ക്കുമ്പോഴും ഈ രീതിയില്‍ പല ഉത്സവങ്ങളും സംഘടിപ്പിക്കുന്നത് നല്ലതു തന്നെ. സ്കൂളിനെ പറ്റി പറയുമ്പോള്‍ എന്റെ നാട്ടിലുള്ള സ്കൂളിനെയും ഓര്‍ത്തുപോകുന്നു. ശ്രീ മലയാറ്റൂരിന്റെ ‘വേരുകളി‘ലൂടെ പ്രശസ്തമായ നാട്ടിലെ ‘ഗണപതി വിലാസം ഹൈസ്കൂള്‍’. ഒരു കാലത്ത് തലയെടുപ്പോടെ നിന്ന, ഞങ്ങളുടെ നാട്ടിലെ മികച്ച സ്കൂള്‍.

നാട്ടിലെ ഒരു സ്കൂള്‍ എന്നതിലുപരി ഒരു സാംസ്കാരിക കേന്ദ്രം കൂടിയായിരുന്നു അത്. പലവിധ കലാപരിപാടികള്‍ക്കും സാംസ്കാരിക കൂട്ടായ്മയ്ക്കും എല്ലാത്തിനും വേദിയായിരുന്നത് ആ സ്കൂളായിരുന്നു. മാത്രമല്ല നല്ലൊരു മൈതാനം ഉള്ള ഏക സ്കൂളുമായതുകൊണ്ട് പലവിധ കായിക മത്സരങ്ങളും സ്കൂളില്‍ നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ആബാലവൃദ്ധം ജനങ്ങളും ഗണപതി വിലാസത്തില്‍ വന്നുപോയിരുന്നു. എന്നെ സംബന്ധിച്ച് സ്കൂള്‍ പഠനകാലം അത്ര മികച്ചതൊന്നും ആയിരുന്നില്ല. ഒരു ആവറേജ് നിലവാരം പുലര്‍ത്തിയിരുന്നു എന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ടു തന്നെ സ്കൂള്‍ ജീവിതത്തേക്കാ‍ള്‍ മനോഹരമായ ഓര്‍മ്മകള്‍ സ്കൂള്‍ വിട്ടതിനു ശേഷമാണ്. കാരണം ദിവസവും വൈകുന്നേരം സ്കൂളില്‍ ഞങ്ങള്‍ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയുണ്ടായിരുന്നു. ഫുട്ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ തുടങ്ങിയവയായിരുന്നു ആകര്‍ഷണം. ദിവസവും കളിയും കഴിഞ്ഞ് ഞങ്ങളെല്ലാവരും നാട്ടുവിശേഷവും പറഞ്ഞ് ഗ്രൌണ്ടില്‍ ഇരിക്കും. പിന്നെ ഇരുട്ട് വീഴുമ്പോഴാണ് വീട്ടിലേക്ക് മടക്കം. മനോഹരമായ മറ്റൊരു ഓര്‍മ്മ എല്ലാവര്‍ഷവും വേനലവധിക്ക് നടത്താറുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റായിരുന്നു. ഞങ്ങളുടെ മുതിര്‍ന്ന തലമുറയിലെ ചേട്ടന്മാര്‍ തുടങ്ങിവച്ച ‘ഫ്ലെയിംഗ് ആരോസ്’ എന്ന ക്ലബ് ആണ് സംഘാടകര്‍. നാട്ടിലെ സ്വന്തം ടീമിനൊപ്പം സമീപ സ്ഥലത്തെ ‘പേരു കേട്ട’ കളിക്കാര്‍ കളിക്കുന്ന ടീമുകളുമായിരുന്നു പങ്കെടുത്തിരുന്നത്. സെവന്‍സ് ഫുട്ബാളിന്റെ എല്ലാ ആവേശവും കാണാന്‍ കഴിഞ്ഞിരുന്ന കളികളില്‍ ഏറ്റവും പ്രധാനപ്പെട്ട കളി, ഞങ്ങളുടെ സ്വന്തം ടീമും തൊട്ടടുത്ത നാട്ടിലെ ടീമും കൂടിയുള്ള കളികളിലായിരുന്നു. കാരണം ഞങ്ങളുടെ ക്ലബ് അംഗങ്ങളായിരുന്ന ചിലര്‍ ക്ലബില്‍ നിന്നും മാറി തൊട്ടടുത്ത സ്ഥലം കേന്ദ്രമാക്കി പുതിയ ക്ലബ് രൂപീകരിച്ചതായിരുന്നു. ഒരു ഇന്ത്യാ-പാക് മത്സരം പോലെ ചൂട് പിടിച്ചതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ എല്ലാം. കാരണം നാട്ടുകാരുടെ മുന്‍പില്‍ തോല്‍ക്കുന്നത് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു! എന്നാല്‍ കളിക്കാരില്‍ പലരും ഒരുമിച്ച് പണിയെടുക്കുന്നവരും പഠിക്കുന്നവരും ഒക്കെ ആയിരുന്നു എന്നതാണ് ഏറെ രസകരം. കാലക്രമേണ എല്ലാം കൊഴിഞ്ഞു പോയത് ഒരു നൊമ്പരമായി അവശേഷിക്കുന്നു.

നാട്ടിലെ ഓര്‍മ്മകളില്‍ മനോഹരമായ ഒന്ന് കാവിലെ ഉത്സവമാണ് (കാവിലെ പാട്ട് മത്സരമല്ല!) അതിന്റെ പ്രത്യേകത കാവിലെ ഉത്സവം നടക്കാറുള്ള ഫെബ്രുവരിയില്‍ തന്നെയാണ് അടുത്തുള്ള പള്ളിയിലെ തിരുനാളും. അതുകൊണ്ട് തന്നെ നാട്ടുകാരെല്ലാവരും ആഘോഷത്തിലായിരിക്കും. (എല്ലാ അര്‍ത്ഥത്തിലും!) ചില വര്‍ഷങ്ങളില്‍ ഉത്സവവും തിരുനാളും അടുത്തടുത്ത ദിവസങ്ങളില്‍ ആയിരിക്കും. ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണമാണ് നാട്ടുകാരുടെ വകയായുള്ള താലപ്പൊലി. അതുപോലെ തന്നെ പള്ളിയില്‍ നിന്നുള്ള പ്രദക്ഷിണവും. താലപ്പൊലി പലസ്ഥലങ്ങളില്‍ നിന്നും വരികയും സ്കൂള്‍ പരിസരത്തു വച്ച് ഒരുമിച്ച് കാവിലേക്ക് പോവുകയുമാണ് ചെയ്യുന്നത്. അതുപോലെ പള്ളിയില്‍ നിന്നുള്ള പ്രദക്ഷിണം സ്കൂളിന് അടുത്തുള്ള കപ്പേള(കുരിശ്) വരെ വരികയും അവിടെ നിന്ന് തിരിച്ച് പള്ളിയിലേക്ക് പോവുകയും ചെയ്യുന്നു. ചില വര്‍ഷങ്ങളില്‍ ഇത് ഒരേ ദിവസം ആകാറുണ്ട്. താലപ്പൊലിയും പ്രദക്ഷിണവും ഒരേ സമയം വന്നു ചേര്‍ന്നാല്‍ അത് ആസ്വാദനത്തിന് ഭംഗം വരുമെന്നതിനാല്‍ ഒരു അഡ്ജസ്റ്റ്മെന്റ് രണ്ട് കൂട്ടരും പാലിക്കാറുണ്ട്. ഒരിക്കല്‍ ഏറ്റവും രസകരമായ സംഭവമുണ്ടായത്, താലപ്പൊലിയുടെ ഒരു സംഘം വന്ന് മറ്റൊരു സംഘത്തെ പ്രതീക്ഷിച്ച് നില്‍ക്കുകയായിരുന്നു. മേളക്കാരും വെളിച്ചപ്പാടും നാട്ടുകാരും എല്ലാം വളരെ ആവേശത്തില്‍. അപ്പോള്‍ അതാ ദൂരെ നിന്നും അടുത്ത നാട്ടുകാരുടെ താലപ്പൊലി വരുന്നു. താലത്തിന്റെ വിളക്കുകളും എല്ലാം കണ്ടു തുടങ്ങിയതും നമ്മുടെ ‘വെളിച്ചപ്പാട് സുകു‘ ഒരൊറ്റ ഓട്ടം. അവരെ അനുഗ്രഹിക്കാന്‍, യഥാര്‍ത്ഥത്തില്‍ അത് പള്ളിയില്‍ നിന്നുള്ള പ്രദക്ഷിണമായിരുന്നു! ഉള്ളില്‍ കിടക്കുന്ന ‘ദാഹജല’ത്തിന്റെ ശക്തിയിലും വെളിച്ചപ്പെട്ടതിന്റെ ആവേശത്തിലും പാവം സുകുവിനത് മനസ്സിലായില്ല. അപ്രതീക്ഷിതമായി പള്ളി പ്രദക്ഷിണത്തിന്റെ ഇടയിലേക്ക് കാവിലെ വെളിച്ചപ്പാട് വന്നുകയറിയാലുള്ള സ്ഥിതി പറയണോ? ശാന്തമായി ബാന്റ്മേളവും കേട്ട് വെള്ളികുരിശും മുത്തുകുടയും പിടിച്ച് നടന്നവര്‍ വെളിച്ചപ്പാടിന്റെ വരവില്‍ ഭയന്ന് ഓടിയില്ല എന്നു മാത്രം. പിന്നെ നാട്ടിലെ പ്രധാനികളെല്ലാവരും പരസ്പരം അറിയാവുന്നതു കൊണ്ടും വെളിച്ചപ്പാട് കഥാപാത്രം നാട്ടില്‍ സുപരിചിതനയതു കൊണ്ടും മതസൌഹാര്‍ദ്ദത്തിന് യാതൊരു പ്രശ്നവും സംഭവിച്ചില്ല!. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞെങ്കിലും ഇന്നും ഉത്സവവും തിരുനാളും പൂര്‍വ്വാധികം ഭംഗിയായി നടക്കുന്നു എന്നത് സന്തോഷമുളവാക്കുന്ന കാര്യം തന്നെ.

(തുടരും...)

Saturday, June 2, 2012

ചിന്തകള്‍



വീണ്ടും എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്ത് എഴുതും എന്ന ചിന്തയാണല്ലൊ സ്വാഭാവികമായും ഉണ്ടാവുക. എന്നാല്‍ പിന്നെ ചിന്തകളെ പറ്റിയാകാം എന്നു തോന്നി. ഇത്രയും വലിയ ഒരു ഇടവേള വന്നതു തന്നെ മനസ്സില്‍ നിന്നും ചിന്തകളെ ഒഴിവാക്കാന്‍ ശ്രമിച്ചതു കൊണ്ടാണ്.ചിന്തകള്‍ ഒഴിവായാല്‍ പിന്നെ മനസ് സ്വസ്ഥം. എന്നാല്‍ അത് വിചാരിക്കുന്ന പോലെ എളുപ്പവുമല്ല.


ചിന്തകള്‍ - എന്താണ് അതിന്റെ നിര്‍വചനം എന്നൊന്നും അറിഞ്ഞുകൂടാ. ഓരോന്നിനെ പറ്റിയും ആലോചിച്ചു കൊണ്ടിരിക്കുന്നത് തന്നെ. അങ്ങനെ ആലോചിച്ച് ആലോചിച്ച് കാടുകയറി, പിന്നെ ടെന്‍ഷനായി എന്തൊക്കെ പ്രശ്നങ്ങള്‍.. ഇത് ഒരാളുടെ മാ‍ത്രം പ്രശ്നമല്ലല്ലൊ. എന്നാല്‍ ഇതു അത്ര വലിയ പ്രശ്നമാണോ, ശരിക്കും മനുഷ്യനു കിട്ടിയ ഒരു അനുഗ്രഹമാണ് ചിന്തിക്കാനുള്ള കഴിവ്. അതുള്ളതു കൊണ്ടാണ് മറ്റുള്ള ജീവികളില്‍ നിന്നും മനുഷ്യന്‍ വ്യത്യസ്തനാകുന്നതും. അപ്പോള്‍ ഈ ചിന്തകള്‍ എങ്ങിനെ ഉപദ്രവകാരിയാകും? അധികമായാല്‍ അമൃതും വിഷം എന്നതു പോലെയാണ് ചിന്തകളുടെയും കാര്യം. നിയന്ത്രിച്ചില്ലെങ്കില്‍ വളരെ ഉപദ്രവമുണ്ടാക്കും. വിചാരിക്കുന്ന നേരം കൊണ്ട് ചിന്തകള്‍ മാറി മാറി വരികയും അവസാനം എന്താണോ ചിന്തിച്ച് തുടങ്ങിയത് അതില്‍ നിന്നെല്ലാം വിട്ട് വേറൊരു ചിന്തയിലായിരിക്കും ചെന്നു നില്‍ക്കുക.


എവിടെയോ കേട്ടിട്ടുണ്ട് ഏതാണ്ട് 20 സെക്കന്റ് മാത്രമാണ് ഒരു ചിന്ത മനസ്സില്‍ നില്‍ക്കുന്നത് എന്ന്. അതിനു ശേഷം അടുത്ത ചിന്ത കടന്നു വരുന്നു. ആലോചിച്ചുനോക്കിയാല്‍ ശരിയാണെന്ന് തോന്നുന്നു. കാരണം ചിന്തകളെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ വളരെ പെട്ടെന്നു തന്നെ അടുത്ത ചിന്തയിലേക്കു പോകുന്നത് കാണാം. അങ്ങനെ മനസ്സ് എപ്പോഴും ചലിച്ചു കൊണ്ടേയിരിക്കുന്നു. അവസാനം അതില്‍ നിന്നെല്ലാം മനസിന് സന്തോഷമോ ദു:ഖമോ തോന്നുന്നു. സന്തോഷം നല്ലതു തന്നെ. എന്നാല്‍ ആലോചിച്ച് ആലോചിച്ച് അവസാനം സങ്കടമാണ് എങ്കിലോ? ചിലര്‍ക്ക് കഴിഞ്ഞു പോയ ചില കാര്യങ്ങള്‍ ഓര്‍ത്ത് കോപം ആയിരിക്കും വരുന്നത്. ചിലര്‍ക്ക് നിരാശയും. ഇങ്ങനെ എല്ലാം പ്രശ്നങ്ങള്‍ തന്നെ. അപ്പോള്‍ ചെയ്യാവുന്നത് ഈ ചിന്തകളെ തന്നെ അങ്ങോട്ട് ഒഴിവാക്കുക എന്നതാണ്.


എന്നാല്‍ അത്ര പെട്ടെന്നോന്നും ഒഴുഞ്ഞു പോകുന്ന ഒരു ബാധയല്ല ഇത്. എങ്ങനെ മനസ്സില്‍ നിന്നും ചിന്തകളെ ഒഴിവാക്കാം എന്ന് അന്വേഷിച്ചപ്പോഴാണ് ചിന്തകളെ നമ്മള്‍ ശ്രദ്ധിക്കാതിരിക്കുകയാണ് നല്ലത് എന്നു മനസ്സിലായത്. ഓരോ ചിന്തകളും മനസ്സില്‍ വരുമ്പോള്‍ അതില്‍ പിടിച്ചു കയറാതെ, അതിനെ അതിന്റെ പാട്ടിനു വിട്ടേക്കുക. ക്രമേണ ചിന്തകളുടെ വരവു കുറയുകയും പതിയെ പതിയെ നില്‍ക്കുകയും ചെയ്യും. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്നത് ചിന്തകള്‍ മനസ്സില്‍ നിന്നു ഒഴിവാകുമ്പോള്‍ മനസ്സില്‍ തനിയെ സന്തോഷം വരുന്നതു കാണാം. ചിന്തകള്‍ തീര്‍ത്തും ഇല്ലാതാകുമ്പോള്‍ മനസ്സില്‍ എന്തെന്നില്ലാത്ത ആനന്ദം നിറയും എന്നാണ് കേട്ടിട്ടുള്ളത്. പിന്നെ നമുക്ക് ആവശ്യമുള്ള കാര്യത്തെ പറ്റി മാത്രം ചിന്തിച്ചാല്‍ മതിയല്ലൊ. അത്ര എളുപ്പം അല്ലെങ്കിലും ആര്‍ക്കും പരീക്ഷിച്ചു നോക്കാവുന്ന കാര്യം തന്നെയാണ് ഇത്. അനാവശ്യമായി ചിന്തിച്ചു കൂട്ടാതെ എല്ലാ ചിന്തകളെയും ടെന്‍ഷനും ഒഴിവാക്കിയാല്‍ മനസ്സിന്‍ സുഖവും സന്തോഷവും കിട്ടിയാല്‍ അതൊരു നല്ല കാര്യം തന്നെയാണല്ലൊ.


അപ്പോള്‍ എല്ലാവര്‍ക്കും മനസ്സിന് സുഖവും സന്തോഷം ആശംസിക്കുന്നു.

എഴുത്തിന്റെ ലോകത്തിലേക്ക് വീണ്ടും...


ഒരു ചെറിയ ഇടവേളക്കു ശേഷം വീണ്ടും ബ്ലോഗെഴുത്തിലേക്ക് ... പല കാരണങ്ങള്‍ കൊണ്ട് പാതിയില്‍ മുടങ്ങിയ ബ്ലോഗെഴുത്ത് പുനരാരംഭിക്കണമെന്ന് തോന്നിത്തുടങ്ങിയത് ഈയിടെയാണ്. അപ്പോള്‍ പിന്നെ തുടങ്ങിക്കളയാം...