Tuesday, May 18, 2010

ഞാന്‍

അല്പം ആത്മീയത തലയില്‍ കയറിയതു കൊണ്ടാണോ എന്നറിയില്ല, എന്നെ പറ്റി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു - ഞാന്‍ ആരാണ്? പ്രപഞ്ചോല്പത്തി മുതല്‍ സാക്ഷാല്‍ ഭഗവാന്‍ മുതല്‍ പലരും ചിന്തിച്ചുകാടു കയറിയ ഒരു വിഷയം. നാട്ടിലെ മഹാരഥന്മാര്‍ ആലോചിച്ചു പല അഭിപ്രായങ്ങളും പറഞ്ഞിട്ടുള്ള വിഷയം വെറുതെ ഒന്നു ആലോചിച്ചതാണ്. പക്ഷെ വിഷയം ഒരു സംഭവം അല്ലെങ്കില്‍ ഒരു പ്രസ്ഥാനം തന്നെയാണ്. കൂടുതല്‍ അറിയുന്നതിനായി ഒന്നു പരതി നോക്കി. അപ്പോഴാണ് സംഭവം അത്ര ആഴമുള്ളതാണെന്ന് മനസ്സിലായത്. അതിനാല്‍ ഇപ്പോള്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.
തീര്‍ച്ചയായും നാം ഓരോരുത്തരും ആലോചിക്കേണ്ടത് അല്ലെങ്കില്‍ സ്വയം ചോദിക്കേണ്ട ഒരു ചോദ്യം തന്നെയാണ്ഞാന്‍ ആരാണ്എന്ന്. ശരിക്കും അവനവനെ തന്നെ അറിയാതെ മറ്റുള്ളവരെ അറിഞ്ഞിട്ട് എന്തു കാര്യം?

ഒന്നാലോചിച്ചാല്‍ നമുക്കു ചുറ്റും ഒന്നു നോക്കിയാല്‍ കാണുന്നത് എല്ലാവരും മറ്റുള്ളവരെ ശ്രദ്ധിക്കുന്നതാണ്. അവന്‍/അവള്‍ അല്ലെങ്കില്‍ അവര്‍ എന്തു ചെയ്യുന്നു എന്നറിയാന്‍ ആണ് എല്ലവര്‍ക്കും താല്പര്യം. എന്നിട്ട് മറ്റുള്ളവര്‍ കാണിച്ചുകൂട്ടുന്ന എല്ലാം, അതു നല്ലതായാലും ചീത്തയായാലും അതു അനുകരിക്കാനും നോക്കുന്നു. അതു തന്നെയല്ലെ ഇവിടെ ലോകത്തിലെ പ്രശ്നങ്ങളുടെ ഹേതുവും? മറ്റുള്ളവര്‍ ചെയ്യുന്നത് ശ്രദ്ധിക്കുന്ന ഒരാളില്‍ ഓരൊന്നിലും താല്പര്യം അഥവാ ആഗ്രഹം ജനിക്കുന്നു. അതു കൊണ്ട് തന്നെയായിരിക്കുംആശയാണ് എല്ലാ ജീവിത ദുഃഖങ്ങള്‍ക്കും കാരണം എന്ന് ശ്രീബുദ്ധന്‍ പറഞ്ഞത്. അങ്ങനെ കാര്യസാദ്ധ്യത്തിനായി പരക്കം പായുന്ന ഒരു കൂട്ടം ആളുകളാ‍ണിന്ന് ലോകം മുഴുവനും. അതിനു വേണ്ടി പോകാത്ത സ്ഥലങ്ങളില്ല, ചെയ്യാത്ത പ്രവൃത്തികളില്ല; അതിനിടയില്‍ മനസമാധാനം എന്ന ഒരു വസ്തു കളഞ്ഞു പോകുകയും ചെയ്യും. എന്നിട്ട് പറയും ഇപ്പോള്‍ലൈഫ് വളരെ സ്പീഡ്ആണെന്ന്. ഓരോരുത്തര്‍ക്കും ദിവസം ഇരുപത്തിനാലു മണിക്കൂര്‍ പോരാ എന്ന അവസ്ഥ ആയിട്ടുണ്ട് ഇപ്പോള്‍. എന്നിട്ട് ആഗ്രഹങ്ങള്‍ സാധിക്കുന്നതിനും മനസമാധാനത്തിനും വേണ്ടി പലരും പലവഴികള്‍ തേടുന്നു; ചിലര്‍ ദൈവത്തെ വിളിക്കുന്നു, അമ്പലത്തിലും പള്ളികളിലും പോകുന്നു, ധ്യാനത്തില്‍ പങ്കെടുക്കുന്നു, പ്രഭാഷണം കേള്‍ക്കുന്നു; മറ്റു ചിലര്‍ മനസമാധാനത്തിനായി മദ്യത്തില്‍ അഭയം പ്രാപിച്ച് മറ്റുള്ളവരുടെ മനസമാധാനം കൂടി കളയുന്നു. എന്നാല്‍ ഒന്ന് ആലോചിച്ചു നോക്കൂ, എന്തിനാണ് ബഹളങ്ങള്‍ എല്ലാം?

അങ്ങനെ മറ്റുള്ളവര്‍ക്കു പകരം സ്വയം ചിന്തിച്ചാല്‍ അല്ലെങ്കില്‍ അവനവന്റെ ഉള്ളിലേക്കു നോക്കിയാല്‍; ഞാന്‍ ആരാണ്എന്ന ചോദ്യം സ്വയം ചോദിച്ചാല്‍ മുകളില്‍ പറഞ്ഞിരിക്കുന്നതായ പ്രശ്നങ്ങള്‍ക്കു ഒരു പരിധി വരെ ഉത്തരം ലഭിക്കും എന്നാണ് എന്റെ വിശ്വാസം. സാധാരണ രീതിയില്‍ ‘ഞാന്‍‘ എന്നാല്‍ ഓരൊരുത്തര്‍ക്കും ഇത്ര ഉയരമുള്ള, ഇത്ര ഭാരമുള്ള ഒരു ശരീരം ആണ്. ശരീരത്തിന്റെ വിശപ്പ്, ദാഹം, ക്ഷീണം, കാമം തുടങ്ങിയ ആവശ്യങ്ങള്‍ സമയാസമയങ്ങളില്‍ നിറവേറ്റുന്നതിനായി ഓരോരുത്തരും ഓരോ വേഷങ്ങള്‍ കെട്ടുന്നു. അങ്ങനെ എല്ലാവര്‍ക്കും ശരീരം ആണു പ്രധാനം എന്നു കരുതുന്നു. എന്നാല്‍ അതില്‍ കുടിയിരിക്കുന്ന ചൈതന്യത്തെ സൌകര്യപൂര്‍വ്വം വിസ്മരിക്കുകയും ചെയ്യുന്നു. ചൈതന്യത്തെ അല്ലെ എല്ലാവരും ആത്മാവ് എന്നു വിളിക്കുന്നത്? അപ്പോള്‍ ശരീരത്തെ അപേക്ഷിച്ച് ആത്മാവ് ആണ് പ്രധാനം എന്നു കാണാം. പക്ഷെ ആത്മാവിനെ എങ്ങിനെ അറിയാം? നാം ചിന്തിക്കുന്ന മനസ് എന്നതാണോ ഇത്? ഇവിടെയാണ് നമ്മുടെ പൂര്‍വ്വികരുടെ; ആചാര്യന്മാരുടെ പ്രസക്തി. അവര്‍ ദീര്‍ഘകാലം കൊണ്ട് ചിട്ടപ്പെടുത്തിയ അനേകം ഗ്രന്ഥങ്ങള്‍ നമുക്ക് ഉപകാരപ്പെടുന്നതു ഇവിടെയാണ്. നമ്മുടെ പുരാണങ്ങളും, വേദങ്ങളും, ഇതിഹാസങ്ങളും ഒക്കെ നമ്മെ പഠിപ്പിക്കുന്നതും ഇതു തന്നെയാണ്. എല്ലാം പല രീതിയില്‍ ആണെന്നു മാത്രം. തലമുറകള്‍ കൈമാറി വന്ന അറിവ് വേണ്ട രീതിയില്‍ നമ്മള്‍ പ്രയോജനപ്പെടുത്തിയില്ല എന്നതാണ് വാസ്തവം. ഇതെല്ലാം വെറും കഥകള്‍ അല്ലെങ്കില്‍ പാഴ്വസ്തുക്കള്‍ ആണെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്.
നമുക്കു നമ്മുടെ വിഷയത്തിലേക്കു വരാം. ഞാ‍ന്‍ ആര് അല്ലെങ്കില്‍ ആത്മാവ് എന്താണ് എന്നുചോദിക്കുമ്പോള്‍ സ്വാഭാവികമായും വളരെയധികം ചോദ്യങ്ങള്‍ നമ്മില്‍ ഉണ്ടാകുന്നു. അവയ്ക്കെല്ലാം ഉത്തരം കണ്ടെത്തിയാല്‍ പിന്നെ ഞാന്‍ എന്ന വിഷയത്തിനും ഉത്തരമാകും എന്നു തോന്നുന്നു. നമുക്കു നമ്മള്‍ എന്ന ബോധം തരുന്നതു മനസ്സാണ്. അപ്പോള്‍ മനസ്സാണോ ആത്മാവ്? പക്ഷെ നേരത്തെ പറഞ്ഞ ആഗ്രഹങ്ങള്‍ എല്ലാം ഉടലെടുക്കുന്നതു നമ്മുടെ മനസ്സില്‍ ആണ്. ശരീരത്തിലെ ഇന്ദ്രിയങ്ങള്‍ ആണ് ആഗ്രഹത്തിനു കാരണം എന്നു പറയുന്നു, അപ്പോള്‍ മനസ്സില്‍ ഇന്ദ്രിയങ്ങളുടെ സ്വാധീനം വളരെ വലുതാണ്. എന്നാല്‍ മനസ്സിലുണ്ടാകുന്ന ആഗ്രഹങ്ങളെയെല്ലാം നമ്മുടെ വിവേകം അല്ലെങ്കില്‍ ബോധം നിയന്ത്രിക്കുന്നുണ്ട്. അല്ലെങ്കില്‍ മനസ്സിലുണ്ടാകുന്ന നല്ലതും ചീത്തയുമായ എല്ലാ ആഗ്രഹങ്ങളെയും ശരീരം കോണ്ട് നിറവേറ്റാന്‍ മനസ് ശ്രമിക്കുമല്ലൊ.

അപ്പോള്‍ ബോധം ആണ് ഇതെല്ലാം നിയന്ത്രിക്കുന്നതു എന്ന് കാണാം. അതുകൊണ്ടായിരിക്കാം ബോധമില്ലാത്ത ഒരു അവസ്ഥയില്‍ എന്ത് എന്നു പോലും നമുക്കു അറിയാന്‍ സാധിക്കാത്തത്. വാസ്തവത്തില്‍ എന്താണ് ബോധം? നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കാണ്ബോധംഎന്നത്. പക്ഷെ ഒരു വിധത്തില്‍ ചിന്തിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങളെ തിരിച്ചറിയുകയും ചിന്തിക്കാന്‍ ഒക്കെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഘടകം വാസ്തവത്തില്‍ ബുദ്ധി ആണെന്ന് കാണാം. അതായത് ഒരു ചിന്ത മനസ്സിലേക്കു കടക്കുമ്പോള്‍ അതിനെ തിരിച്ചറിഞ്ഞ് ഉള്‍ക്കൊള്ളുകയും അല്ലെങ്കില്‍ തള്ളിക്കളയുകയും ചെയ്യുന്നത് ബുദ്ധിയുള്ളതു കൊണ്ടാണല്ലൊ. അല്ലെങ്കില്‍ പിന്നെ കൊച്ചു കുട്ടികള്‍ മുതിര്‍ന്നവരെപ്പോലെ തന്നെ പ്രവൃത്തികള്‍ ചെയ്യുകയും ചിന്തിക്കുകയും വേണ്ടതല്ലെ? അതുപോലെ എല്ലാവരിലും ബോധം ഉള്ളതു കൊണ്ടാണല്ലൊ ശരീരം ചേതനയുള്ളതായി കാണപ്പെടുന്നത്. എന്നാല്‍ ബുദ്ധിയും അതു ഉപയോഗിക്കുന്ന രീതിയും എല്ലാവരിലും വ്യത്യസ്തമായിരിക്കാം, അതുകൊണ്ടായിരിക്കും ചില ആളുകള്‍ മുതിര്‍ന്നാലും ബുദ്ധിയുറയ്ക്കാത്തതിനാല്‍, സാധാരണ വേണ്ട രീതിയില്‍ ചിന്തകളും പ്രവൃത്തികളും കാണപ്പെടാത്തത്.

അപ്പോള്‍ ശരീരം എന്ന ഉപകരണം പ്രവര്‍ത്തനനിരതമാകണമെങ്കില്‍ ബോധം എന്ന വസ്തു ആവശ്യമാണെന്നു കാണാം. അങ്ങനെയെങ്കില്‍ ശരീരത്തെ മാറ്റിയാല്‍ സ്വതന്ത്രമായി നില കൊള്ളുന്ന ഒന്നല്ലെ ബോധം? അതായത് ഒരാള്‍ഉണ്ട്എന്ന വസ്തുത എന്നും പറയാമല്ലൊ. അതുതന്നെയല്ലെ ആത്മാവ് എന്ന് പറയുന്നതും? അതു കൊണ്ടു തന്നെയായിരിക്കണം ആത്മീയ ഗ്രന്ഥങ്ങളില്‍ ആത്മാവിനെ ‘ബോധം’ എന്ന പേരിലും നിര്‍വ്വചിച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍, ഈ ബോധം നിത്യവും സ്വതന്ത്രവും അനശ്വരവും ആണ്. അതു തന്നെയല്ലെ ശ്രീഭഗവദ്ഗീതയില്‍ ആത്മാവിനെ പറ്റി പറഞ്ഞിരിക്കുന്നതും? അതു അനശ്വരവും നിര്‍വ്വികാരവും ആണല്ലൊ. അപ്പോള്‍ പിന്നെ ഓരോരുത്തരിലും ഉള്ള ഈ ബോധം, അല്ലെങ്കില്‍ ആത്മാവിന് ഭിന്നതയുണ്ടോ? മതത്തിന്റെയും, പുരാണങ്ങളുടെയും, ശാസ്ത്രത്തിന്റെയും എല്ലാവിധ ചട്ടക്കൂടുകളും മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ ഈ പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുടെയും ഉള്ളില്‍ ഉള്ള ആ ചൈതന്യം ഒന്നു തന്നെയല്ലെ? അതു കുടികൊള്ളുന്ന ശരീരത്തിന്റെയും ബുദ്ധിയുടെയും പ്രേരണ മൂലമല്ലെ ജീവികള്‍ പല വിധത്തില്‍ ചിന്തിക്കുന്നത്?

വാസ്തവത്തില്‍ ഇതു തന്നെയാണോ അദ്വൈത സിദ്ധാന്തം? ആണ് എന്ന് പലരും പറയുന്നു, എനിക്ക് അറിയില്ല. സംസ്കൃതം അറിയാത്തതു കൊണ്ട് പുരാണങ്ങളും, ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും വേണ്ട രീതിയില്‍ ഗ്രഹിച്ചിട്ടില്ല. ശാസ്ത്ര കാര്യങ്ങളില്‍ വേണ്ടത്ര അവഗാഹവും ഇല്ല. അതു കൊണ്ട് തന്നെ ഇതൊക്കെ തെളിയിക്കാന്‍ തക്ക തെളിവുകളും ഇല്ല. ഇതെല്ലാം എന്റെ ഓരോ ചിന്തകള്‍ മാത്രമാണ്. ചിന്തകള്‍ അനന്തമാണല്ലൊ.