കഴിഞ്ഞ ദിവസം ഒന്നു പുറത്തേക്കിറങ്ങിയതാണ്, പെട്ടെന്നാണ് ഒരു പൂച്ച വട്ടം ചാടിയത്. അപ്പോള്‍ സാധാരണ ആളുകളുടെ ഇടയില്‍ പ്രചാരത്തിലുള്ള് ഒരു കാര്യം ഓര്‍ത്തുപോയി. എവിടെയ്ക്കെങ്കിലും യാത്ര പുറപ്പെടുമ്പോള്‍ കറുത്ത പൂച്ച കുറുകെ ചാടിയാല്‍ കാര്യതടസ്സം ഫലം എന്ന്. ഞാന്‍ പൂച്ചയുടെ നിറം നോക്കി. എന്തായാലും കറുത്ത പൂച്ചയല്ല. ഞാന്‍ ആലോചിച്ചു, പ്രത്യേകിച്ചു ഒരു കാര്യത്തിനും അല്ലാതെ വെറുതെ ഒന്നു പുറത്തിറങ്ങിയ എനിക്കു കുറുകെ ചാടിയതു വെളുത്ത പൂച്ചയോ കറുത്ത പൂച്ചയോ എന്നു നോക്കേണ്ട കാര്യമുണ്ടോ? മുന്‍പൊരിക്കല്‍ കേട്ടിട്ടുണ്ട്, ഏതോ പുറം രാജ്യത്തു കറുത്ത പൂച്ച കുറുകെ ചാടിയാല്‍ നല്ലതാണത്രെ! രാജ്യ് ഭേദങ്ങള്‍ക്കനുസരിച്ച് വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഒക്കെ മാറിക്കൊണ്ടിരിക്കുമോ? ആവോ?
ഒന്നാലോചിച്ചാല്‍ നമ്മുടെ ഇടയില്‍ പ്രത്യേകിച്ചും നാട്ടിന്‍പുറത്ത് ഇതുപോലുള്ള നിമിത്തങ്ങളും ലക്ഷണങ്ങളും എല്ലാം വളരെയധികം വേരൂന്നിയിട്ടുണ്ട്, അത് ശരിയായാലും തെറ്റായാലും. എന്തൊക്കെ ലക്ഷണങ്ങളാണ് ഇങ്ങനെ പ്രചാരത്തില്‍ ഉള്ളത് എന്നറിയണമെങ്കില്‍ ഏതെങ്കിലും പഞ്ചാംഗം നോക്കിയാല്‍ മതി. ഗൌളി(പല്ലി) ചിലച്ചാല്‍, പല്ലി ദേഹത്തു വീണാല്‍, ഉപ്പന്‍(കൂമന്‍) നടക്കുന്നതു കണ്ടാല്‍ എന്നിങ്ങനെ തുടങ്ങി എവിടെയ്ക്കെങ്കിലും യാത്ര പുറപ്പെടുമ്പോള്‍ ആദ്യം കാണുന്ന വസ്തു അല്ലെങ്കില്‍ ജീവിയെ ആസ്പദമാക്കി യാത്ര ഫലവത്താകുമോ എന്നു ചിന്തിക്കുന്ന ലക്ഷണ ശാസ്ത്രം (അതു ശാസ്ത്രമോ അല്ലയോ എന്നറിയില്ല, അതിനെ കുറിച്ച് വഴിയെ ചിന്തിക്കാം) എന്നു വേണ്ട വളരെയധികം കൊടുത്തിട്ടുണ്ട്. അതിനു പുറമെ സാധാരണ ഗ്രാമപ്രദേശങ്ങളില്‍ വേറെയും ചില സംഗതികള്‍ ധാരാളം പ്രചാരത്തിലുണ്ട്. അതിലൊന്ന്, ‘തച്ചന്‍ കോഴി കൂവിയാല്‍ മരണം നടക്കും’ എന്നതാണ്. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് രാത്രിയില്‍ ഈ കൂവല്‍ വളരെയധികം കേട്ടിട്ടുണ്ട്. അന്നൊക്കെ എവിടെയെങ്കിലും മരണം നടന്നാല്‍ പ്രായമുള്ളവര്‍ പറയും “ഈ ദിവസങ്ങളില്‍ തച്ചന്‍ കോഴി കൂവുന്നതു കേട്ടപ്പോഴെ തോന്നി” എന്നൊക്കെ. എന്തൊ ആളുകള്‍ക്ക് ആ പാവം ജീവിയെ അത്ര പേടിയായിരുന്നോ എന്നു തോന്നും. അതിലും രസകരമായത്, ഞങ്ങളുടെ വീടിനടുത്ത് മുന്‍പ് ഒരു സിനിമ തീയറ്റര്‍ ഉണ്ടായിരുന്നു. അക്കാലത്ത് രാത്രി, സെക്കന്റ് ഷോ കഴിഞ്ഞു പോകുന്ന ആളുകള്‍ അവരുടെ പേടി കൊണ്ടോ, അതൊ പേടി മാറ്റാനോ ഈ കൂവല്‍ അനുകരിച്ച് കൂവിക്കൊണ്ട് പോകാറുണ്ടായിരുന്നു. അതു കേട്ടിട്ടും പേടിക്കുന്ന ചിലരുണ്ടായിരുന്നു. ശരിക്കും ഈ ജീവിയെ മനസ്സിലാക്കിയാല്‍ പേടിയെല്ലാം മാറും. ഈ പാവം രാത്രി മാത്രം ഉണര്‍ന്നിരിക്കുന്നതാണ്, മൂങ്ങയെ പോലെ. അതു തന്റെ ഇണയെ വിളിക്കുന്നതാണെന്ന് ഇതിനെ കുറിച്ചു അറിവുള്ളവര്‍ പറയുന്നു. അതാണത്രെ ഒരു സ്ഥലത്തു നിന്നും കൂവല്‍ കേട്ടാല്‍ ഉടനെ മറ്റൊരു സ്ഥലത്തു നിന്നും വേറെ കൂവല്‍ കേള്‍ക്കും. ഇതു കേട്ടവര്‍ക്കറിയാം, രാത്രി ഭയമുളവാക്കുന്ന, ഒരു തരം അട്ടഹാസം പോലെയുള്ള ശബ്ദം ആണ്. പ്രത്യേകിച്ചു രാത്രി നിശബ്ദമായിരിക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ ആളുകള്‍ ഭയപ്പെടുന്നത് വെറുതെയല്ല. വലിയ ഉയരമുള്ള മരങ്ങളില്‍ ഇരിക്കുന്നതു കൊണ്ട് ഈ പക്ഷിയെ കാണാനും ബുദ്ധിമുട്ടാണ്.
വാസ്തവത്തില്‍ എന്താണു ഇതിനൊക്കെ അടിസ്ഥാനം? എങ്ങിനെയാണു ഇങ്ങനെയുള്ള നിമിത്തവും ലക്ഷണവും വിശ്വാസവും ഒക്കെ ഉടലെടുത്തത്? ഏതെങ്കിലും പുരാണങ്ങളോ മറ്റു ഗ്രന്ഥങ്ങളൊ ആണോ ഇതിനെല്ലാം അടിസ്ഥാനം? ശ്രീനിവാസന്‍ ഒരു സിനിമയില്‍ ചോദിക്കുന്നതു പോലെ - ‘യക്ഷികളൊക്കെ ഗ്രാമത്തില്‍ മാത്രമല്ലെയുള്ളൂ, നഗരത്തിലുമുണ്ടോ’ - എന്നതു പോലെ ഇതെല്ലാം ഗ്രാമത്തിലുള്ളവ മാത്രമാണോ അതോ നഗരജീവികള്‍ക്കും ബാധകമാണോ? ഞാന്‍ പലരോടും ചോദിച്ചു. ചിലര്‍ക്ക് അറിയില്ല, മറ്റു ചിലര്‍ ചിലത് കേട്ടിരിക്കുന്നു, ഇതിനൊക്കെ സമയമില്ല എന്ന മട്ടില്‍ വേറെ കുറച്ച് ആളുകള്‍.
ഒന്നലോചിച്ചാല്‍ ഇതെല്ലാം ഒന്നോ രണ്ടോ ദിവസം കൊണ്ട് ഉണ്ടായതല്ല. തങ്ങളുടെ ജീവിതത്തിലുണ്ടായ പല സംഭവങ്ങളെയും ക്രോഡീകരിച്ച് പലരും പിന്‍തലമുറകളിലേക്കു പകര്‍ന്നതായിരിക്കാം ഇതെല്ലാം. ഇതില്‍ പലതും ഭീതിയുടെ അല്ലെങ്കില്‍ മരണത്തിന്റെ ഒരു ടച്ച് കൊടുത്തിരിക്കുന്നതു കാണാം. ചിലപ്പോള്‍ അന്നത്തെ കുട്ടികളെ നേര്‍വഴി നടത്താനും മറ്റുമായിരിക്കും ചില ലക്ഷണങ്ങള്‍ ഉടലെടുത്തത്. അതുപോലെ പലര്‍ക്കും അവരുടെ ജീവിതത്തില്‍ പലവട്ടം നേരിട്ട നല്ലതും ചീത്തയുമായ കാര്യങ്ങളെ ചിന്തിച്ചതിന്റെ ഫലമായിരിക്കും മറ്റു ചില വിശ്വാസങ്ങള്‍ പ്രബലമായത്. ഉദാഹരണത്തിന് ഒരാള്‍ യാത്രക്കിറങ്ങുമ്പോള്‍ ചാരം, വിറക്, കയര്‍, സന്യാസി തുടങ്ങിയവ കണ്ടാല്‍ ദോഷമാണെന്നും, രണ്ട് ബ്രാഹ്മണര്‍, അഗ്നി, മദ്യം, കയറിട്ട കാള തുടങ്ങിയവ നല്ലതാണെന്നും പറയപ്പെടുന്നു. ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ ചിലപ്പോള്‍ പലരുടെയും സംഭാവനയാകാം. കാരണം ആരെങ്കിലും ഒരാള്‍ യാത്രക്കൊരുങ്ങുമ്പോള്‍ പതിവായി ഏതെങ്കിലും ഒരു വസ്തു കാണുകയും അന്നെല്ലാം അയാള്‍ക്ക് നല്ലതൊ ചീത്തയോ ആയ ഏതെങ്കിലും ഒരനുഭവം പതിവായി ഉണ്ടായാല്‍, അതു അയാളുടെ മനസ്സില്‍ ദൃഡമാവുകയും ചെയ്യുമല്ലൊ. അങ്ങനെ പ്രസ്തുത വസ്തു അല്ലെങ്കില്‍ ജീവിയൊ എന്താണെങ്കിലും അതു ഇന്ന ഫലം തരും എന്ന വിശ്വാസം കൈമാറാനും സാദ്ധ്യത കൂടുതലാണല്ലൊ. പിന്നീട് ഇതെ അനുഭവം വേറെ ആര്‍ക്കെങ്കിലും ഉണ്ടായാല്‍ ഇത് കൂടുതല്‍ ബലപ്പെടുകയും ചെയ്യും.
ഇനി എന്തുകൊണ്ട് ഇങ്ങനെ എന്നു ചിന്തിച്ചാല്‍ എനിക്കു തോന്നുന്നത് എല്ലാവരിലും ഉള്ള ഭയം പ്രത്യേകിച്ചും മരണ ഭയം ആണ് ഇതിനൊക്കെ ഒരു കാരണം എന്നു തോന്നുന്നു. പതിമൂന്ന് എന്ന സംഖ്യയെ എല്ലാവര്‍ക്കും പേടിയാണ്. അക്കര്യത്തില്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും ജനങ്ങളും ഒറ്റക്കെട്ടാണെന്നു തോന്നുന്നു, അറിയില്ല. എന്തായാലും നമ്മളും മോശമല്ല, അതുകൊണ്ടാണല്ലൊ എല്ലായിടത്തും പതിമൂന്ന് ഒഴിവാക്കിയിരിക്കുന്നത്. ചിലപ്പോള്‍ ഇക്കാര്യത്തില്‍ വിശ്വാസികളും അവിശ്വാസികളും യുക്തിവാദികളും എല്ലാം ഒന്നായിരിക്കും. പുറമെ പലരും നിഷേധിക്കുമെങ്കിലും ഇങ്ങനെയെല്ലാം കേട്ടിരിക്കുന്ന ആളുകള്‍ യാത്രപുറപ്പെടുമ്പോഴൊ മറ്റൊ ഏതെങ്കിലും ഒരു ലക്ഷണം കണ്ടാല്‍ മനസ്സിലെങ്കിലും പേടിയോ, സന്തോഷമോ തോന്നുമായിരിക്കും. വെറുതെയല്ല ചിലര്‍ പറയാറുണ്ടല്ലൊ, അവനെ/അവളെ കണ്ടു കൊണ്ടിറങ്ങിയാല്‍ അന്നത്തെ കാര്യം പോക്കാണെന്ന്. അതുപോലെ പതിമൂന്ന് നമ്പരായിട്ടുള്ള ഒരു മുറിയോ വാഹനമോ ഉപയോഗിക്കാന്‍ എത്ര പേര്‍ തയാറാകും?
ഇനി ഇങ്ങനെയുള്ള ലക്ഷണങ്ങളുടെ കൂട്ടത്തില്‍ അധികമാര്‍ക്കും അറിയാത്തതും എന്നാല്‍ ജ്യോതിഷി, വൈദ്യന്മാര്‍, പ്രത്യേകിച്ചും വിഷവൈദ്യം തുടങ്ങിയ ആളുകള്‍ ഉപയോഗിക്കുന്ന ലക്ഷണങ്ങള്‍. ദൂതലക്ഷണം എന്നോ മറ്റോ അറിയപ്പെടുന്ന ഇത് സാധാരണക്കാരുടെ ഇടയില്‍ അധികം പ്രചാരത്തിലില്ല. ഇങ്ങനെയുള്ളവര്‍ അവരുടെ അടുത്ത് വരുന്ന ആളുകളുടെ എണ്ണം, വരുന്ന രീതി, ഇരിക്കുന്ന സ്ഥലം തുടങ്ങിയ പ്രമാണങ്ങളെ കണക്കാക്കി ലക്ഷണം പറയുന്നു എന്നു കേട്ടിരിക്കുന്നു. തന്റെ ചുറ്റുപാടുകളെ നിരീക്ഷിച്ച്, ചില വിഷ വൈദ്യന്മാര്‍, സര്‍പ്പദംശനം ഏറ്റ് ഇന്ന ദിശയില്‍ നിന്നും ആള്‍ വരുന്നുണ്ട് എന്ന് വരെ പറയാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അതു പോലെ ചില പ്രഗത്ഭ വൈദ്യന്മാര്‍, തങ്ങളുടെ അടുത്തു വരുന്ന രോഗികളുടെ മുഖലക്ഷണം നോക്കി അവരുടെ യഥാര്‍ത്ഥ രോഗം അറിഞ്ഞിരുന്നതായും അവരുടെ ആയുസ്സിന്റെ ബലം വരെ മനസ്സിലാക്കിയിരുന്നതായും ‘ഐതീഹ്യമാല’യിലൂടെ ശ്രീ കൊട്ടാരത്തില്‍ ശങ്കുണ്ണി അഭിപ്രായപ്പെട്ടിരിക്കുന്നു.
അതുപോലെ ചില വിശ്വാസങ്ങള്‍ പ്രത്യേകിച്ചും ഗ്രാമങ്ങളില്‍ ഉള്ളതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പലതും അന്ധവിശ്വാസം ആകാം. അതില്‍ പ്രധാനപ്പെട്ടതാണ് യക്ഷികള്‍. രാത്രികാലങ്ങളില്‍ രക്തം കുടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന, പാലമരത്തിലും കരിമ്പനയിലും ഒക്കെ വസിക്കുന്ന ഇവരെപറ്റി ധാരാളം കഥകളും സിനിമകളും ഒക്കെ നിലവിലുണ്ട്. പിന്നെ അമ്പലങ്ങളില്‍ നിന്നും ദേവീ ദേവന്മാരുടെ സഞ്ചാരങ്ങള്‍, രാത്രി വെളിച്ചമായും തീഗോളമായും പലരും സാക്ഷ്യപ്പെടുത്തുന്നു. പിന്നെ ചിലങ്കയുടെ ശബ്ദം, തെങ്ങില്‍ നിന്നും കരിക്കു കേടായി വീഴുന്നത് അങ്ങനെ എന്തെല്ലാം. ഒന്നോര്‍ത്താല്‍ രസകരമാണ്. നിങ്ങളും കേട്ടിട്ടുണ്ടോ ഇങ്ങനെയുള്ള ചില കാര്യങ്ങള്‍? ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും പങ്കു വെക്കാം.
പിന്‍വിളി
ഈയടുത്തു ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരാള്‍ ചോദിച്ചത് കേട്ടു - യക്ഷികള്‍ക്കു ആരാണോ യൂണിഫോം കൊടുത്തത് എന്ന്. കാരണം ഏത് കഥയിലെയും യക്ഷികള്‍ക്ക് വെള്ളസാരിയും അഴിച്ചിട്ട മുടിയുമാണ്. പിന്നെ ബാക്ക്ഗ്രൌണ്ടില്‍ പാലപ്പൂ മണവും! ശരിയല്ലെ? ഇനിയെങ്കിലും കഥാകൃത്തുക്കളും സിനിമാക്കാരും എല്ലാം ഈ യൂണിഫോം ഒന്നു മാറ്റി വല്ല ജീന്‍സും ടീഷര്‍ട്ടോ അല്ലെങ്കില്‍ ചുരിദാറോ എന്തെങ്കിലും ഒക്കെ ആക്കുമായിരിക്കും.